കാലാവസ്ഥാ വ്യതിയാനം: ലോകജനസംഖ്യയുടെ ആറിലൊന്ന് പേരെയും കനത്ത ചൂട് ബാധിച്ചു, ഇന്ത്യയിൽ ശ്രീനഗർ ഒന്നാമത്

കഴിഞ്ഞ ഡിസംബർ 25 മുതൽ ഫെബ്രുവരി 26 വരെയുള്ള കാലയളവിൽ, ലോകത്തെ 47 രാജ്യങ്ങളിൽ ഓരോ ദിവസവും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള അതിതീവ്രമായ ഉഷ്ണതരംഗം അനുഭവപ്പെട്ടു
കാലാവസ്ഥാ വ്യതിയാനം: ലോകജനസംഖ്യയുടെ ആറിലൊന്ന് പേരെയും കനത്ത ചൂട് ബാധിച്ചു,  ഇന്ത്യയിൽ ശ്രീനഗർ ഒന്നാമത്
കാശ്മീരിലെ ശ്രീനഗറിലെ ലാല് ചൗക്ക്.ഐസ്റ്റോക്ക് വഴി രാജ് അവാദ്
Published on

ഇന്ത്യയുടെ പല ഭാഗങ്ങളിലും അനുഭവപ്പെടുന്ന അസാധാരണമായ വേനൽച്ചൂട് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് പുതിയ ആഗോള പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബർ മുതൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഇത്തരത്തിൽ കടുത്ത ചൂടിന്റെ പിടിയിലാണെന്നാണ് കണ്ടെത്തൽ.

മാർച്ച് 18-ന് 'ക്ലൈമറ്റ് സെൻട്രൽ' (Climate Central) പ്രസിദ്ധീകരിച്ച പുതിയ വിശകലനമനുസരിച്ച്, കഴിഞ്ഞ മൂന്ന് മാസമായി ലോകമെമ്പാടും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉഷ്ണതരംഗം ആഞ്ഞടിക്കുകയാണ്. 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ ലോകത്തെ ആറിൽ ഒരാൾ വീതം എല്ലാ ദിവസവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം അനുഭവിച്ചതായും റിപ്പോർട്ട് പറയുന്നു. കൽക്കരിയും പെട്രോളിയവും പോലുള്ള ഫോസിൽ ഇന്ധനങ്ങളുടെ അമിതമായ ഉപയോഗമാണ് ഈ ആഗോള താപനത്തിന് പിന്നിലെ പ്രധാന കാരണം.

ദൈനംദിന താപനിലയിൽ കാലാവസ്ഥാ വ്യതിയാനം ചെലുത്തുന്ന സ്വാധീനം അളക്കുന്ന 'ക്ലൈമറ്റ് ഷിഫ്റ്റ് ഇൻഡക്സ്' (CSI) ഉപയോഗിച്ചാണ് ഗവേഷകർ ഈ പഠനം നടത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മനുഷ്യനിർമ്മിതമായ കാരണങ്ങളാൽ താപനിലയിൽ എത്രത്തോളം വർദ്ധനവുണ്ടായെന്ന് ഈ സംവിധാനത്തിലൂടെ ഇവർ വിലയിരുത്തി. ശ്രീനഗർ ഉൾപ്പെടെ നിരവധി ഇന്ത്യൻ നഗരങ്ങളെ ഈ പ്രതിഭാസം സാരമായി ബാധിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

-5 മുതൽ +5 വരെയുള്ള സ്കെയിലിലാണ് സി.എസ്.ഐ (CSI) കണക്കാക്കുന്നത്. ഇതിൽ പോസിറ്റീവ് മൂല്യങ്ങൾ (+1 മുതൽ +5 വരെ) സൂചിപ്പിക്കുന്നത് ആ പ്രദേശത്തെ ചൂട് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടായതാണെന്നാണ്. ലെവൽ 2 എന്നാൽ അവിടുത്തെ ചൂട് കാലാവസ്ഥാ വ്യതിയാനം കാരണം ഉണ്ടാകാൻ രണ്ടു മടങ്ങ് സാധ്യതയുണ്ടെന്നും, ലെവൽ 5 എന്നാൽ അഞ്ച് മടങ്ങ് സാധ്യതയുണ്ടെന്നും അർത്ഥമാക്കുന്നു.

"കാലാവസ്ഥാ വ്യതിയാനം എന്നത് ഭാവിയിൽ വരാനിരിക്കുന്ന ഒരു പ്രശ്നമല്ല, മറിച്ച് ലോകമെമ്പാടുമുള്ള ഇന്നത്തെ അതിതീവ്രമായ ഉഷ്ണതരംഗത്തിന്റെ പ്രധാന കാരണമാണെന്ന് ഈ വിശകലനം വ്യക്തമാക്കുന്നു," എന്ന് ക്ലൈമറ്റ് സെൻട്രൽ സയൻസ് വൈസ് പ്രസിഡന്റ് ക്രിസ്റ്റിന ഡാൽ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകൾ ഒരു മാസത്തിലേറെയായി അപകടകരമായ രീതിയിലുള്ള ചൂടാണ് അനുഭവിക്കുന്നത്. പലയിടങ്ങളിലും ചൂട് വർദ്ധിപ്പിക്കുക മാത്രമല്ല, ഏറ്റവും അപകടകരമായ ഉഷ്ണതരംഗങ്ങൾക്ക് പൂർണ്ണ ഉത്തരവാദി കാലാവസ്ഥാ വ്യതിയാനം തന്നെയാണെന്നും അവർ ഓർമ്മിപ്പിച്ചു.

ചൂടിൽ വെന്തുരുകി ഇന്ത്യൻ നഗരങ്ങൾ

ഹീറ്റ് ആൻഡ് ബിയോണ്ട്: ഇംപാക്ട്സ് ഓഫ് എക്സ്ട്രീം വെതർ ഓവർ ദി പാസ്റ്റ് 3 മന്ത്സ്' (Heat and Beyond: Impacts of extreme weather over the past 3 months) എന്ന റിപ്പോർട്ട് അനുസരിച്ച്, മറ്റ് പല രാജ്യങ്ങളെയും അപേക്ഷിച്ച് ഇന്ത്യയിൽ പൊതുവെ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ചൂടിന്റെ ആഘാതം കുറവായിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ ആകെ 6 ദിവസങ്ങൾ മാത്രമാണ് 'ലെവൽ 2' (Level 2) തീവ്രതയിലുള്ള ചൂട് രേഖപ്പെടുത്തിയത്. എന്നാൽ, ഇതേ കാലയളവിൽ ഇന്ത്യയിലെ ചില നഗരങ്ങളിൽ അതിശക്തമായ ചൂട് അനുഭവപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് ശ്രീനഗറാണ്. ഇവിടെ 60 ദിവസങ്ങളിൽ 'സി.എസ്.ഐ +2' (CSI +2) രേഖപ്പെടുത്തി. അതായത്, കാലാവസ്ഥാ വ്യതിയാനം മൂലം ഇവിടുത്തെ താപനില സാധാരണയേക്കാൾ ഇരട്ടിയായി വർദ്ധിച്ചു എന്നർത്ഥം.

മഹാരാഷ്ട്രയിലെ താനെയിൽ 18 ദിവസവും നവി മുംബൈയിൽ 17 ദിവസവും ഇത്തരത്തിൽ ഉയർന്ന താപനില അനുഭവപ്പെട്ടു. മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ മറ്റ് പല നഗരങ്ങളിലും 11 മുതൽ 16 ദിവസങ്ങൾ വരെ ഇതേ തോതിലുള്ള ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ മാർച്ച് മാസത്തിലും ഉത്തരേന്ത്യയിലും പശ്ചിമ ഇന്ത്യയിലും അഭൂതപൂർവ്വമായ ഉഷ്ണതരംഗമാണ് അനുഭവപ്പെടുന്നതെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കുകളും വ്യക്തമാക്കുന്നു. 

കോടിക്കണക്കിന് ആളുകളെ ബാധിച്ചു  

ലോകത്തെ 124 രാജ്യങ്ങളിലായി ഏകദേശം 250 കോടി (2.5 billion) ആളുകൾ കുറഞ്ഞത് 30 ദിവസമെങ്കിലും കാലാവസ്ഥാ വ്യതിയാനം മൂലമുള്ള കടുത്ത ചൂട് അനുഭവിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതായത്, 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിൽ ലോകത്തെ ആറിൽ ഒരാൾ വീതം ഓരോ ദിവസവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം നേരിട്ടു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ 47 രാജ്യങ്ങളിൽ മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ അല്ലെങ്കിൽ 'അപകടകരമായ ചൂട്' (Risky heat) അനുഭവപ്പെട്ട എല്ലാ ദിവസങ്ങൾക്കും കാരണം കാലാവസ്ഥാ വ്യതിയാനമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഏകദേശം 22.5 കോടി ആളുകൾ 30 ദിവസമോ അതിലധികമോ ഇത്തരത്തിലുള്ള അപകടകരമായ ചൂട് അനുഭവിച്ചു. ഇതിൽ 81 ശതമാനം പേരും ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ വസിക്കുന്നവരാണ്.

കൽക്കരി, എണ്ണ, മീഥെയ്ൻ വാതകം എന്നിവ കത്തിക്കുന്നത് വഴി മനുഷ്യൻ താപനില വർദ്ധിപ്പിക്കുന്നത് ലോകമെമ്പാടുമുള്ള ഉഷ്ണതരംഗങ്ങളുടെ ആവൃത്തിയും തീവ്രതയും വർദ്ധിപ്പിക്കുന്നുവെന്ന് വിശകലനം കാണിക്കുന്നു. പല പ്രദേശങ്ങളിലും കാലാവസ്ഥാ വ്യതിയാനം ചൂട് വർദ്ധിപ്പിക്കുക മാത്രമല്ല ചെയ്തത്; ഈ കാലയളവിൽ രേഖപ്പെടുത്തിയ ഏറ്റവും അപകടകരമായ ചൂടുള്ള ദിവസങ്ങൾക്ക് പൂർണ്ണ ഉത്തരവാദിത്തം കാലാവസ്ഥാ വ്യതിയാനത്തിനായിരുന്നു.

"കാലാവസ്ഥാ വ്യതിയാനം എന്നത് ഭാവിയിലെ ഒരു ആശങ്കയല്ല, മറിച്ച് കോടിക്കണക്കിന് ആളുകളുടെ ദൈനംദിന കാലാവസ്ഥയെ നിർണ്ണയിക്കുന്ന നിലവിലുള്ളതും അളക്കാവുന്നതുമായ ഒരു പ്രതിഭാസമാണെന്ന് ഈ കണ്ടെത്തലുകൾ അടിവരയിടുന്നു," എന്ന് റിപ്പോർട്ടിൽ പറയുന്നു.

ചുട്ടുപൊള്ളിയും തണുത്തുറഞ്ഞും; മാറുന്ന കാലാവസ്ഥാ ഗതികൾ

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ വ്യതിയാനം താപനിലയെ എങ്ങനെയെല്ലാം ബാധിച്ചു എന്നതിന് റിപ്പോർട്ട് നിരവധി ഉദാഹരണങ്ങൾ നിരത്തുന്നു. "ഓസ്‌ട്രേലിയയിൽ ഇത്തവണ പതിവിലും നേരത്തെ കടുത്ത ഉഷ്ണതരംഗം അനുഭവപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരമൊരു ഉഷ്ണതരംഗത്തിനുള്ള സാധ്യത അഞ്ച് മടങ്ങ് വർദ്ധിച്ചതായാണ് കണക്കാക്കുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തുടർന്ന ഈ ഉഷ്ണതരംഗം മുൻ റെക്കോർഡുകളെല്ലാം തകർത്തു. ഇതിനു പിന്നാലെ ഉണ്ടായ അതിശക്തമായ മഴ പല നഗരങ്ങളെയും പ്രളയത്തിലാക്കി. ആർട്ടിക് മേഖലയിലെ ഗ്രീൻലൻഡിൽ ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ജനുവരിയാണ് രേഖപ്പെടുത്തിയത്; ഇത് സമുദ്രത്തിലെ മഞ്ഞുരുകുന്നതിന്റെ വേഗത വർദ്ധിപ്പിച്ചു. അർജന്റീനയിലുണ്ടായ ഉഷ്ണതരംഗം അവിടുത്തെ വൈദ്യുതി ബന്ധം തകരാറിലാക്കുകയും പത്തുലക്ഷത്തിലധികം ആളുകളെ ഇരുട്ടിലാക്കുകയും ചെയ്തു," റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉയർന്ന ചൂട്, കുറഞ്ഞ ഈർപ്പം, ശക്തമായ കാറ്റ് എന്നിവ ഒത്തുചേർന്നത് പലയിടങ്ങളിലും വൻ കാട്ടുതീ പടരാൻ കാരണമായെന്നും റിപ്പോർട്ട് പറയുന്നു. "ചിലിയിലെ പാറ്റഗോണിയയിലുണ്ടായ കാട്ടുതീയിൽ 23 പേർക്ക് ജീവൻ നഷ്ടപ്പെടുകയും രാജ്യം അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. സമാനമായ സംഭവങ്ങൾ അമേരിക്ക, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലും ഉണ്ടായി. ആയിരക്കണക്കിന് ഹെക്ടർ വനഭൂമിയാണ് ഇവിടെയെല്ലാം കത്തിയമർന്നത്. മിക്ക സംഭവങ്ങളിലും ഉയർന്ന താപനിലയാണ് കാട്ടുതീയുടെ തീവ്രത വർദ്ധിപ്പിച്ചത്," എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൂടാതെ, ലോകമെമ്പാടും കടുത്ത വറൾച്ച, റെക്കോർഡ് ഭേദിച്ച മഴ, ശക്തമായ ചുഴലിക്കാറ്റുകൾ, മഞ്ഞുവീഴ്ച തുടങ്ങി ഒന്നിനുപുറകെ ഒന്നായി നിരവധി പ്രകൃതിക്ഷോഭങ്ങൾക്ക് കാലാവസ്ഥാ വ്യതിയാനം കാരണമായി.

കെനിയയിൽ 1981-ന് ശേഷമുള്ള ഏറ്റവും വലിയ വറൾച്ചയാണ് അനുഭവപ്പെടുന്നത്. ഇത് ഏകദേശം 20 ലക്ഷത്തിലധികം ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടും. സൊമാലിയ, തെക്കുകിഴക്കൻ എത്യോപ്യ എന്നിവിടങ്ങളിലും വറൾച്ച മൂലം വൻതോതിൽ കൃഷിനാശം ഉണ്ടാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധങ്ങളിലും കാലാവസ്ഥാ വ്യതിയാനത്തെ നിഷേധിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴും, അമേരിക്കയുടെ 40 ശതമാനത്തിലധികം പ്രദേശങ്ങളെ കടുത്ത വരൾച്ച ബാധിച്ചിരിക്കുകയാണ്. ഇതിനൊപ്പം തന്നെ അമേരിക്കയിലും കാനഡയിലും അനുഭവപ്പെട്ട അതിശക്തമായ മഞ്ഞുവീഴ്ചയും പൂജ്യം ഡിഗ്രിയിൽ താഴെയുള്ള താപനിലയും (Subzero temperatures) കുറഞ്ഞത് 85 പേരുടെ ജീവനെടുത്തു. മീറ്ററുകളോളം ഉയരത്തിൽ മഞ്ഞു വീണത് വൈദ്യുതി വിതരണത്തെ തകരാറിലാക്കുകയും കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തു.

"ജപ്പാനിലുണ്ടായ മാരകമായ മഞ്ഞുവീഴ്ചയ്ക്ക് പിന്നിൽ കാലാവസ്ഥാ വ്യതിയാനമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. അഫ്ഗാനിസ്ഥാനിൽ ശൈത്യകാല കൊടുങ്കാറ്റിൽ 61 പേർക്കും യൂറോപ്പിൽ 6 പേർക്കും ജീവൻ നഷ്ടപ്പെട്ടു. ജർമ്മനിയിലെ ചില ഭാഗങ്ങളിൽ 2026 ജനുവരിയിൽ ഉണ്ടായതുപോലുള്ള കനത്ത മഞ്ഞുവീഴ്ച ഇനി ഓരോ 50 വർഷം കൂടുമ്പോഴും മാത്രമേ സംഭവിക്കാൻ സാധ്യതയുള്ളൂ എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം. എന്നാൽ വ്യവസായ യുഗത്തിന് മുൻപ് (അതായത് ഇന്നത്തെക്കാൾ 1.3 ഡിഗ്രി സെൽഷ്യസ് കുറഞ്ഞ താപനില ഉണ്ടായിരുന്ന കാലത്ത്) ഇത്തരം മഞ്ഞുവീഴ്ചകൾ ഓരോ ആറ് വർഷം കൂടുമ്പോഴും സംഭവിക്കാറുണ്ടായിരുന്നു," എന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

സമുദ്രങ്ങളിലെ താപനില ഉയർന്ന നിലയിൽ തുടരുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം തീവ്രത വർദ്ധിച്ച കനത്ത മഴ ശ്രീലങ്ക, ഇന്തോനേഷ്യ, തായ്ലൻഡ് എന്നിവിടങ്ങളിൽ 1,750-ലധികം ആളുകളുടെ മരണത്തിന് കാരണമായി. 'കോട്ടോ', 'അഡ', 'പെൻഹ' തുടങ്ങിയ കൊടുങ്കാറ്റുകൾ ഈ മേഖലകളിൽ കോടിക്കണക്കിന് ഡോളറിന്റെ നാശനഷ്ടങ്ങൾ വരുത്തി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ലോകത്തിന്റെ പല ഭാഗങ്ങളിലും കാലാവസ്ഥാ രീതികൾ എങ്ങനെയാണ് അങ്ങേയറ്റം അപകടകരമായ നിലയിലേക്ക് മാറിയതെന്ന് ഈ റിപ്പോർട്ട് അടിവരയിടുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in