അർണബ് ചുഴലിക്കാറ്റ് ദുരന്തം: മരണം, കനത്ത മഴ; കരയിലേക്ക് കടന്ന് ശക്തികുറയുന്നു

ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഉത്തർപ്രദേശിലും നേപ്പാളിലും അതിശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്

ഒക്ടോബർ 28-ന് ആന്ധ്രാപ്രദേശ് തീരം കടന്ന 'അർണബ്' ചുഴലിക്കാറ്റ് കനത്ത കാറ്റും കനത്ത മഴയും വിതച്ചു. കൊടുങ്കാറ്റിൽ രണ്ട് പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.

ആന്ധ്രാപ്രദേശിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി, പൊട്ടിവീണ വൈദ്യുതക്കമ്പികളിൽ നിന്ന് ഷോക്കേറ്റ് 53 കാരനായ പുരുഷനും 55 കാരിയായ സ്ത്രീയും മരണപ്പെട്ടതായി അധികൃതർ അറിയിച്ചു.

2026-ൽ വടക്കൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ രൂപപ്പെട്ട ആദ്യ ചുഴലിക്കാറ്റാണ് അർണബ്. ഒക്ടോബർ 26-ന് ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഇത് വളരെ വേഗത്തിലാണ് ശക്തിപ്രാപിച്ചത്.

ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, ഒരൊറ്റ ദിവസത്തിനുള്ളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 74 കിലോമീറ്ററോളം വർധിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ് നേവിയുടെ ജോയിന്റ് ടൈഫൂൺ വാണിംഗ് സെന്ററിൽ (JTWC) നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2014-ന് ശേഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഏറ്റവും ശക്തമായ തുലാവർഷാനന്തര ചുഴലിക്കാറ്റാണ് അർണബ് എന്ന് 'വാഗറീസ് ഓഫ് വെതർ' (Vagaries of Weather) എന്ന കാലാവസ്ഥാ ബ്ലോഗ് വിശേഷിപ്പിച്ചു.

ഒക്ടോബർ 27-ന് വൈകുന്നേരം ചുഴലിക്കാറ്റ് അതിന്റെ പരമാവധി ശക്തിയിലെത്തിയപ്പോൾ, കാറ്റിന്റെ വേഗത മണിക്കൂറിൽ 150 മുതൽ 160 കിലോമീറ്റർ വരെയും, ചില സമയങ്ങളിൽ 180 കിലോമീറ്റർ വരെയുമായി ഉയർന്നതായും ഐ.എം.ഡി രേഖപ്പെടുത്തി.

എന്നാൽ, കാറ്റിന്റെ പരമാവധി വേഗത മണിക്കൂറിൽ ഏകദേശം 222 കിലോമീറ്റർ ആയിരുന്നുവെന്നാണ് ജെ.ടി.ഡബ്ല്യു.സി കണക്കാക്കിയത്.

കാറ്റിന്റെ വേഗത അളക്കാൻ ഈ ഏജൻസികൾ ഉപയോഗിക്കുന്ന വ്യത്യസ്ത രീതികളാണ് ഈ വ്യത്യാസത്തിന് കാരണം. ജെ.ടി.ഡബ്ല്യു.സി ഒരു മിനിറ്റ് ശരാശരി കണക്കാക്കുമ്പോൾ, ഐ.എം.ഡി മൂന്ന് മിനിറ്റ് ശരാശരിയാണ് അടിസ്ഥാനമാക്കുന്നത്.

തീരത്തേക്ക് അടുക്കുന്തോറും അർണബിന്റെ വേഗത ഗണ്യമായി കുറഞ്ഞു. ഒക്ടോബർ 28-ന് രാവിലെ 6.30-ഓടെ ചുഴലിക്കാറ്റ് ചലനമറ്റ നിലയിലാണെന്നാണ് ഐ.എം.ഡി അറിയിച്ചത്.

പതുക്കെ നീങ്ങുന്ന ചുഴലിക്കാറ്റുകൾ ഒരേ പ്രദേശത്ത് തന്നെ ദീർഘനേരം കനത്ത മഴ പെയ്യിക്കാൻ ഇടയാക്കുകയും, ഇത് വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

ഒക്ടോബർ 28-ന് പുലർച്ചെ 2 മണിക്കും രാവിലെ 8 മണിക്കും ഇടയിലാണ് അർണബ് തീരം കടന്നത്. നർസാപൂരിനും കാക്കിനടയ്ക്കും സമീപമുള്ള യാനത്തിന് അടുത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്.

കരതൊടുന്ന സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 125 മുതൽ 135 കിലോമീറ്റർ വരെയായിരുന്നു; ചില സമയങ്ങളിൽ ഇത് 150 കിലോമീറ്റർ വരെ ഉയർന്നു.

രാവിലെ 8 മണിയോടെ ചുഴലിക്കാറ്റിന്റെ കേന്ദ്രം പൂർണ്ണമായും കരയിലേക്ക് പ്രവേശിച്ചു.

മേഖലയിലുടനീളം ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. വിശാഖപട്ടണത്ത് 217 മില്ലിമീറ്ററും, കലിംഗപട്ടണത്ത് 147 മില്ലിമീറ്ററും, തുനിയിൽ 123 മില്ലിമീറ്ററും മഴ ലഭിച്ചു.

ഒക്ടോബർ 28 രാത്രി 11.30 വരെ തീരദേശ ആന്ധ്രാപ്രദേശ്, യാനം, ഒഡീഷ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് (flash floods) സാധ്യതയുണ്ടെന്ന് ഐ.എം.ഡി മുന്നറിയിപ്പ് നൽകി.

തീരപ്രദേശങ്ങളിൽ കടൽക്കയറ്റവും ആശങ്കയുണർത്തി; യാനത്തിൽ തീരത്തുനിന്ന് 480 മീറ്റർ ഉള്ളിലേക്കും കാക്കിനടയിൽ 240 മീറ്റർ ഉള്ളിലേക്കും കടൽവെള്ളം കയറാൻ സാധ്യതയുണ്ടായിരുന്നു.

കരതൊട്ടതിനു ശേഷം അർണബിന്റെ ശക്തി കുറയാൻ തുടങ്ങി. ഒക്ടോബർ 28 രാവിലെ 8.30-ഓടെ ഇത് തീവ്ര ചുഴലിക്കാറ്റായി (severe cyclonic storm) ദുർബലപ്പെട്ടു.

തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ചുഴലിക്കാറ്റ് കരയിലൂടെ വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുമെന്ന് ഐ.എം.ഡി പ്രവചിച്ചു.

ആറ് മണിക്കൂറിനുള്ളിൽ ഇത് സാധാരണ ചുഴലിക്കാറ്റായും (cyclonic storm), തുടർന്നുള്ള ആറ് മണിക്കൂറിനുള്ളിൽ തീവ്ര ന്യൂനമർദ്ദമായും (deep depression) ശക്തികുറയുമെന്നും പ്രതീക്ഷിച്ചിരുന്നു.

അർണബിന്റെ സ്വാധീനം ഉത്തർപ്രദേശിലേക്കും നേപ്പാളിലേക്കും നീങ്ങാൻ സാധ്യതയുണ്ടെന്നും, ഇത് ആ പ്രദേശങ്ങളിൽ അതിശക്തമായ മഴയ്ക്ക് കാരണമായേക്കാമെന്നും നേരത്തെയുള്ള പ്രവചനങ്ങൾ സൂചിപ്പിച്ചിരുന്നു.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in