ഉരുകുന്ന മഞ്ഞും അനിശ്ചിതത്വത്തിലാകുന്ന കായിക മാമാങ്കവും: ശീതകാല ഒളിമ്പിക്സിന്റെ ഭാവി എന്ത്?
ഇറ്റലി നാലാം തവണയും ആതിഥേയത്വം വഹിക്കുന്ന, ഇരുപത്തിയഞ്ചാമത് ശീതകാല ഒളിമ്പിക്സ് (Winter Olympics) പടിവാതിൽക്കൽ എത്തിനിൽക്കുകയാണ്. 2026-ലെ മിലാനോ കോർട്ടീന വിന്റർ ഒളിമ്പിക്സിന്റെ മത്സരക്രമങ്ങൾ, മുൻപത്തെപ്പോലെ തന്നെ മഞ്ഞിലും ഐസിലുമായി നടത്തുന്ന കായിക ഇനങ്ങളുടെ സങ്കലനമാണ്. മഞ്ഞുമൂടിയ മലനിരകളും, കഠിനമായ തണുപ്പും ഒളിമ്പിക്സിന്റെ അവിഭാജ്യ ഘടകമായി നമ്മൾ സങ്കൽപ്പിക്കാറുണ്ട്.
എന്നാൽ, ഒളിമ്പിക്സിനെക്കുറിച്ച് നാം വിഭാവനം ചെയ്യുന്ന ആ തണുപ്പുകാലം ഇനിയധിക കാലം നിലനിൽക്കില്ല എന്നതാണ് യാഥാർത്ഥ്യം. കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള ശീതകാല കായിക വിനോദങ്ങളെ മാറ്റിമറിക്കുകയാണ്. വടക്കൻ അർദ്ധഗോളത്തിൽ (Northern Hemisphere) കഴിഞ്ഞ 50 വർഷത്തിനിടെ, തണുപ്പുകാലത്തിന്റെ ദൈർഘ്യം ഗണ്യമായി കുറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിലെ ആഗോള താപന നിരക്ക് ശരാശരിയേക്കാൾ ഇരട്ടിയായി വർദ്ധിക്കുന്നത് മഞ്ഞുപാളികളുടെ വ്യാപകമായ നാശത്തിന് കാരണമാകുന്നു.
ഈ മാറ്റങ്ങൾ കായികതാരങ്ങളെ നേരിട്ടാണ് ബാധിക്കുന്നത്. മഞ്ഞിന്റെ കുറവും അപകടകരമായ സാഹചര്യങ്ങളും കാരണം അടുത്ത കാലത്തായി അന്താരാഷ്ട്ര സ്കീ ആൻഡ് സ്നോബോർഡ് ഫെഡറേഷൻ (FIS) നടത്തേണ്ടിയിരുന്ന പല ലോകകപ്പ് മത്സരങ്ങളും റദ്ദാക്കേണ്ടി വന്നു.
2023-ൽ, കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നും മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ യാഥാർത്ഥ്യങ്ങൾക്കനുസരിച്ച് യുക്‌തിപൂർവ്വം മത്സരക്രമങ്ങൾ പുനഃക്രമീകരിക്കണമെന്നും ആവശ്യപ്പെട്ട് മുന്നൂറോളം കായികതാരങ്ങൾ ഫെഡറേഷന് കത്തയച്ചു.
2021-ൽ 20 രാജ്യങ്ങളിൽ നിന്നുള്ള 339 പ്രൊഫഷണൽ താരങ്ങൾക്കിടയിലും കോച്ചുമാർക്കിടയിലും നടത്തിയ സർവ്വേയിൽ, 90 ശതമാനം പേരും കാലാവസ്ഥാ വ്യതിയാനം ശീതകാല കായിക വിനോദങ്ങളുടെ ഭാവിയെ എങ്ങനെ ബാധിക്കുമെന്ന കാര്യത്തിൽ വലിയ ആശങ്ക പ്രകടിപ്പിച്ചു. ശീതകാല ഒളിമ്പിക്സ്, പാരാലിമ്പിക്സ് മത്സരങ്ങൾ ഭാവിയിൽ എവിടെയൊക്കെ നടത്താനാകും എന്നതിനെ കാലാവസ്ഥാ വ്യതിയാനം അടിസ്ഥാനപരമായി തന്നെ ബാധിക്കും; ഇതിന്റെ ഭാഗമായി, ഭാവിയിലെ വേദികളുടെ കാലാവസ്ഥാ അപകടസാധ്യതകളെക്കുറിച്ച് കൂടുതൽ വ്യക്തമായ ധാരണ ലഭിക്കുന്നതിനായി 2030-ലെ ആതിഥേയ നഗരത്തെ തിരഞ്ഞെടുക്കുന്നത് 2022-ൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വൈകിപ്പിക്കുകയുണ്ടായി.
ശീതകാല (Winter Olympics) ഒളിമ്പിക്സ് പോലുള്ള ഒരു ബൃഹത്തായ കായികമേള നടത്താൻ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള, ലോകത്തെ 93 സ്ഥലങ്ങളെ അടിസ്ഥാനമാക്കി ഞങ്ങൾ 2024-ൽ നടത്തിയ പഠനം വ്യക്തമാക്കുന്നത്, അത്യാധുനികമായ കൃത്രിമ മഞ്ഞ് നിർമ്മാണ വിദ്യകൾ ഉപയോഗിച്ചാൽ പോലും, ഭാവിയിൽ ഇതിൽ വലിയൊരു ഭാഗം സ്ഥലങ്ങളിലും ആവശ്യത്തിന് മഞ്ഞ് ലഭ്യമാകില്ല എന്നാണ്. 2050-കളോടെ ഒളിമ്പിക്സ് നടത്താൻ അനുയോജ്യമായ വേദികളുടെ എണ്ണം പകുതിയായി കുറയും; അതിലും ആശങ്കാജനകമായ കാര്യം, പാരാലിമ്പിക്സ് നടത്താൻ അനുയോജ്യമായ സാഹചര്യമുള്ള സ്ഥലങ്ങൾ വെറും 17 മുതൽ 31 വരെയായി ചുരുങ്ങും എന്നതാണ്.
ഞങ്ങളുടെ സമീപകാല പഠനം, കാലാവസ്ഥാ വ്യതിയാനം വിന്റർ ഒളിമ്പിക്സിനും പാരാലിമ്പിക്സിനും ഉയർത്തുന്ന വെല്ലുവിളികൾ പരിഹരിക്കുന്നതിനുള്ള വിവിധ മാർഗ്ഗങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കാര്യങ്ങളും ഒളിമ്പിക്-പാരാലിമ്പിക് കമ്മിറ്റികൾ, ആതിഥേയ നഗരങ്ങൾ, കായിക ഫെഡറേഷനുകൾ എന്നിവർ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഇതിൽ പല മാർഗ്ഗങ്ങളിലും ചില വിട്ടുവീഴ്ചകൾ ആവശ്യമായി വരുന്നു; ഇത് മേള നടത്താനുള്ള പ്രാദേശിക സമൂഹങ്ങളുടെ കഴിവിനെയും, കായികതാരങ്ങളുടെയും കാണികളുടെയും അനുഭവങ്ങളെയും, ഒരുപക്ഷേ മത്സരങ്ങളുടെ നിലനിൽപ്പിനെത്തന്നെയും ബാധിച്ചേക്കാം.
ഉദാഹരണത്തിന്, ഇൻഡോർ മത്സരങ്ങൾ നടക്കുന്ന പ്രധാന നഗരത്തിൽ നിന്നും മാറി, ദൂരെയുള്ള ഇടങ്ങളിൽ സ്നോ സ്പോർട്സ് വേദികൾ ഒരുക്കുന്നത്, മഞ്ഞിന്റെ ലഭ്യത ഉറപ്പുവരുത്താൻ സഹായിച്ചേക്കാം. എന്നാൽ, ഇത് യാത്രയ്ക്കുള്ള സമയവും മലിനീകരണവും വർദ്ധിപ്പിക്കുകയും, കാണികൾക്ക് ചില മത്സരങ്ങൾ നേരിട്ട് കാണാനുള്ള അവസരം കുറയ്ക്കുകയും ചെയ്യും.
ഈ വർഷത്തെ മിലാനോ കോർട്ടീന ഗെയിംസിൽ, വടക്കൻ ഇറ്റലിയിലെ വിവിധ സ്ഥലങ്ങളിലായാണ് വേദികൾ വിന്യസിച്ചിരിക്കുന്നത്. ഇത് കായികതാരങ്ങൾക്കും ആരാധകർക്കും ഒത്തുചേരുന്നത് കൂടുതൽ പ്രയാസകരമാക്കും, ഇത് ടീമുകളുടെ ഐക്യത്തിനും വീര്യത്തിനും ഒരു തിരിച്ചടിയാണ്. നൂറുകണക്കിന് കിലോമീറ്ററുകൾ അകലെ മത്സരങ്ങൾ നടക്കുന്നതിനാൽ, സാധാരണയേക്കാൾ കൂടുതൽ കായികതാരങ്ങൾക്ക് ഇത്തവണ ഉദ്ഘാടന-സമാപന ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയില്ല.
സമയക്രമത്തിൽ ഭേദഗതി
ഒളിമ്പിക്സിന് ശേഷമാണ് പാരാലിമ്പിക്സ് നടക്കുന്നത് എന്നതുകൊണ്ടുതന്നെ, കാലാവസ്ഥാ വ്യതിയാനം മൂലം അവ കൂടുതൽ അപകടസാധ്യതയിലാണ്. ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുന്ന അതേ നഗരവും വേദികളും തന്നെ പാരാലിമ്പിക്സിനും വേദിയാകണം എന്ന 'വൺ ബിഡ്, വൺ സിറ്റി' (one bid, one city) കരാർ പുനർചിന്തനം ചെയ്യേണ്ടി വന്നേക്കാം.
ഈ കരാർ പാരാ സ്പോർട്സിനെ പ്രശസ്തിയുടെയും മികവിന്റെയും പുതിയ തലങ്ങളിലേക്ക് ഉയർത്തിയിട്ടുണ്ട്. എന്നിരുന്നാലും, കാലാവസ്ഥാ വ്യതിയാനത്തെ അതിജീവിക്കാൻ ഈ കരാറിന് കഴിയില്ലെന്നാണ് ഞങ്ങളുടെ ഗവേഷണം സൂചിപ്പിക്കുന്നത്; ശീതകാല പാരാലിമ്പിക്സ് നഷ്ടപ്പെടുന്നത് വിന്റർ സ്പോർട്സ് മേഖലയ്ക്ക് തന്നെ വലിയൊരു തിരിച്ചടിയായിരിക്കും.
ഇതിനുള്ള പോംവഴി? പാരാലിമ്പിക്സ് നേരത്തെ നടത്താൻ സാധിക്കുന്ന വിധത്തിൽ മത്സരക്രമങ്ങളിൽ മാറ്റം വരുത്തുക എന്നതാണ്.
വിന്റർ ഒളിമ്പിക്സും പാരാലിമ്പിക്സും വർഷത്തിൽ മൂന്നാഴ്ച നേരത്തെ നടത്തുന്നത്, കാലാവസ്ഥാപരമായി അനുയോജ്യമായ വേദികളുടെ എണ്ണം വർദ്ധിപ്പിക്കാൻ വലിയ തോതിൽ സഹായിക്കുമെന്ന് ഞങ്ങളുടെ വിശകലനം വെളിപ്പെടുത്തി.
ഒളിമ്പിക്സ്, ജനുവരി അവസാനമോ ഫെബ്രുവരി ആദ്യ വാരമോ ആരംഭിക്കുകയും, പാരാലിമ്പിക്സ് ഫെബ്രുവരി അവസാനമോ മാർച്ച് ആദ്യ വാരമോ നടത്തുകയും ചെയ്താൽ, പാരാലിമ്പിക്സിന് അനുയോജ്യമായ വേദികളുടെ എണ്ണം ഏകദേശം ഇരട്ടിയായി വർദ്ധിക്കും. പാരീസ് കാലാവസ്ഥാ ലക്ഷ്യങ്ങൾ കൈവരിക്കാനായാൽ, ഈ മാറ്റം നൂറ്റാണ്ടിന്റെ പകുതി വരെയും അവസാനത്തോടെയും "വൺ ബിഡ്, വൺ സിറ്റി" എന്ന ക്രമീകരണത്തെ സുരക്ഷിതമായി നിലനിർത്താൻ സഹായിക്കും.
മഞ്ഞ് ലഭ്യത ഉറപ്പാക്കാനുള്ള മറ്റ് വഴികളിൽ രണ്ട് കായികമേളകളും ഒരേസമയം നടത്തുകയോ, ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിക്കുകയോ, അല്ലെങ്കിൽ ഒരേ വർഷം തന്നെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലായി നടത്തുകയോ ചെയ്യുന്നത് ഉൾപ്പെടുന്നു. എന്നാൽ ഇവയിൽ ഓരോന്നും രാഷ്ട്രീയവും സാങ്കേതികവുമായ വലിയ വെല്ലുവിളികൾ ഉയർത്തുന്നവയാണ്.
കൃത്രിമ മഞ്ഞ് നിർമ്മാണം: പ്രതിസന്ധികൾക്ക് ഒരു ശാശ്വത പരിഹാരമാകുമോ?
2022-ലെ ബീജിംഗ് ഒളിമ്പിക്സിൽ ഏകദേശം 100 ശതമാനവും യന്ത്രങ്ങൾ നിർമ്മിച്ച മഞ്ഞ് ഉപയോഗിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 1980-ലെ ലേക് പ്ലാസിഡ് ഒളിമ്പിക്സ് മുതൽ എല്ലാ ശീതകാല ഒളിമ്പിക്സുകളിലും കൃത്രിമ മഞ്ഞ് ഉപയോഗിക്കുന്നുണ്ട്, ഭാവിയിൽ ഇതിന്റെ പ്രാധാന്യം ഇനിയും വർദ്ധിക്കും.
ഞങ്ങളുടെ വിശകലനമനുസരിച്ച്, കൃത്രിമ മഞ്ഞ് നിർമ്മാണമില്ലാതെ, നിലവിലെ രീതിയിലുള്ള ശീതകാല കായിക വിനോദങ്ങൾ സംഘടിപ്പിക്കുക എന്നത് അസാധ്യമാണ്. മഞ്ഞ് നിർമ്മാണ സംവിധാനങ്ങൾ ഇല്ലെങ്കിൽ, 2050-ഓടെ ഒളിമ്പിക്സ് നടത്താൻ അനുയോജ്യമായ വേദികളുടെ എണ്ണം നാലോ അതിൽ താഴെയോ ആയി ചുരുങ്ങും.
കൃത്രിമ മഞ്ഞ് നിർമ്മാണവുമായി ബന്ധപ്പെട്ട് പരിഹരിക്കപ്പെടേണ്ട സുപ്രധാനമായ ചില പരിസ്ഥിതി പ്രശ്നങ്ങളുണ്ട്. ഇതിനാവശ്യമായ ഊർജ്ജത്തിന്റെയും ജലത്തിന്റെയും അളവ് കുറയ്ക്കുക, പ്രാദേശിക ജൈവവൈവിധ്യത്തിന് ഉണ്ടാകുന്ന ആഘാതം ലഘൂകരിക്കുക എന്നിവ ഇതിൽ പ്രധാനമാണ്. പരിസ്ഥിതി ആഘാതം കുറയ്ക്കുന്നതിനായി സാങ്കേതികവിദ്യ മെച്ചപ്പെടുത്താൻ നിർമ്മാതാക്കൾ ശ്രമിക്കുന്നുണ്ടെങ്കിലും, ഈ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കാൻ ഇനിയും ഒട്ടേറെ പ്രവർത്തനങ്ങൾ ആവശ്യമാണ്.
കൃത്രിമ മഞ്ഞ് നിർമ്മാണത്തിന് അതിന്റേതായ പോരായ്മകളുണ്ടെങ്കിലും, ഇതിന്റെ സഹായമില്ലാതെ മുന്നോട്ട് പോകുന്നത് കായികതാരങ്ങൾക്ക് നീതിരഹിതവും അപകടകരവുമായി മാറും. മഞ്ഞിന്റെ അഭാവം മൂലം മത്സരങ്ങൾ റദ്ദാക്കേണ്ടി വരികയും, കാലക്രമേണ ശീതകാല ഒളിമ്പിക്സിൽ നിന്ന് മഞ്ഞു കായിക ഇനങ്ങളെത്തന്നെ ഒഴിവാക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകുകയും ചെയ്യും.
ത്വരിതഗതിയിലുള്ള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളിൽ നിന്ന് ഒരു കായിക ഇനത്തിനും രക്ഷപ്പെടാനാവില്ലെങ്കിലും, സ്നോ സ്പോർട്സ് ഇതിന്റെ ഏറ്റവും വലിയ സൂചനയാണ്. പാരീസ് കാലാവസ്ഥാ കരാറിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, ഭാവിയിലെ ഒളിമ്പിക്-പാരാലിമ്പിക് താരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും, ഈ ആഗോള കായിക മാമാങ്കത്തിന്റെ സാംസ്കാരിക പൈതൃകം വരുംതലമുറകൾക്കായി സംരക്ഷിക്കുന്നതിനും ലോക കായിക സമൂഹം ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്.
ഡാനിയൽ സ്കോട്ട്: വാട്ടർലൂ സർവകലാശാലയിലെ പ്രൊഫസറും എൻവയോൺമെന്റ് ക്ലൈമറ്റ് ചേഞ്ച് എഡ്യൂക്കേഷൻ സ്ട്രാറ്റജിക് ഡയറക്ടറുമാണ്.
മഡലീൻ ഓർ: ടൊറന്റോ സർവകലാശാലയിലെ സ്പോർട് ഇക്കോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
റോബർട്ട് സ്റ്റീഗർ: ഇൻസ്‌ബ്രക് സർവകലാശാലയിലെ പബ്ലിക് ഫിനാൻസ് ഡിപ്പാർട്ട്‌മെന്റിലെ അസോസിയേറ്റ് പ്രൊഫസറാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

