

ഇന്റർനാഷണൽ കൗൺസിൽ ഓൺ ക്ലീൻ ട്രാൻസ്‌പോർട്ടേഷൻ (ICCT) ഒക്ടോബർ 5-ന് പുറത്തുവിട്ട പഠന റിപ്പോർട്ട് അനുസരിച്ച്, 2025-ൽ ഡൽഹിയുടെസമീപ നഗരമായ ഗുരുഗ്രാമിലെ കുട്ടികളിലും കൗമാരക്കാരിലും വായു മലിനീകരണം മൂലം റിപ്പോർട്ട് ചെയ്ത പുതിയ ആസ്ത്മ കേസുകളിൽ നാലിലൊന്നും (25%) റോഡുകളിലെ വാഹനങ്ങളിൽ നിന്നുള്ള പുക മൂലമാണ് ഉണ്ടായത്. രോഗബാധ കാരണം അവർക്ക് ഏകദേശം 94,859 സ്കൂൾ ദിനങ്ങൾ നഷ്ടമായി; ഇത് 431 വിദ്യാർത്ഥികളുടെ ഒരു പൂർണ്ണ അക്കാദമിക് വർഷത്തിന് തുല്യമാണ്.
ഗതാഗത മലിനീകരണത്തിന്റെ ഏറ്റവും വലിയ ഉറവിടം സ്വകാര്യ കാറുകളാണെന്നും, നിലവിൽ ഗുരുഗ്രാമിൽ പ്രതിവർഷം ഓരോ 1,000 നിവാസികൾക്കും 323 കാറുകൾ എന്ന നിരക്കിലുണ്ടെന്നും ഐസിസിടി (ICCT) പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നാണ്.
വാഹനങ്ങളിൽ നിന്നുള്ള പുകയുടെ 80 ശതമാനത്തിലധികവും പുതിയ ബിഎസ് IV (BS IV), ബിഎസ് VI (BS VI) വാഹനങ്ങളിൽ നിന്നാണ് ഉണ്ടാകുന്നത്. പഴക്കം ചെന്ന വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിരോധനം കൊണ്ട് പരമാവധി ലഭിക്കാവുന്ന ഫലം ഇതിനകം കൈവരിച്ചു കഴിഞ്ഞുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ന്യൂഡൽഹിയിൽ നടക്കുന്ന ത്രിദിന കോൺഫറൻസിന്റെ ആദ്യദിനത്തിൽ നടന്ന 'അർബൻ അഡ്ഡ'യുടെ (Urban Adda) സമാപന പ്ലീനറി ചർച്ചയ്ക്ക് ശേഷം മുൻ ജി20 ഷെർപ്പ അമിതാഭ് കാന്ത്, സിഎക്യുഎം (CAQM) ചെയർപേഴ്‌സൺ രാജേഷ് വർമ്മ എന്നിവർ ചേർന്നാണ് ഈ പഠന റിപ്പോർട്ട് പ്രകാശനം ചെയ്തത്.
"ഡൽഹി എൻസിആറിലെ നേരിട്ടുള്ളതും അല്ലാത്തതുമായ വായു മലിനീകരണത്തിന്റെ ഒന്നാം നമ്പർ ഉറവിടം വാഹനങ്ങളാണ്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആനുകൂല്യ പദ്ധതികൾ അവതരിപ്പിക്കാൻ CAQM സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്; കൂടാതെ ഡൽഹി വളരെ ആകർഷകമായ ഒരു ഇവി (EV) നയം നടപ്പിലാക്കിയിട്ടുമുണ്ട്. ഡൽഹി എൻസിആറിലെ വായു മലിനീകരണം പരിഹരിക്കുന്നതിന് യോജിച്ചതും ഏകോപിപ്പിച്ചതുമായ ഒരു പരിഹാരം ആവശ്യമാണ്," രാജേഷ് വർമ്മ പറഞ്ഞു.
"വായു മലിനീകരണത്തിന് സംസ്ഥാന അതിർത്തികളില്ല. ഡൽഹി ശ്വസിക്കുന്ന വായു ഡൽഹിയിൽ സംഭവിക്കുന്നതിനെ മാത്രമല്ല, ഗുരുഗ്രാം, ഫരീദാബാദ്, നോയിഡ, ഗാസിയാബാദ്, സോണിപത് തുടങ്ങി അതിനപ്പുറമുള്ള പ്രദേശങ്ങളിൽ സംഭവിക്കുന്നതിനെക്കൂടി ആശ്രയിച്ചിരിക്കുന്നു. ഡൽഹിക്ക് തനിയെ ഡൽഹിയിലെ വായു ശുദ്ധീകരിക്കാൻ കഴിയില്ല. ഗതാഗതത്തിന്റെ ഭാവി ഇലക്ട്രിക്കാണ്. ഇന്ത്യ വൈദ്യുതീകരണത്തിലേക്ക് മാറുമോ എന്നതല്ല, മറിച്ച് ഈ മാറ്റത്തിന് നമ്മൾ നേതൃത്വം നൽകുമോ അതോ മറ്റുള്ളവരെ പിന്തുടരുമോ എന്നതാണ് പ്രധാനം," മുൻ ജി20 ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു.
ഗുരുഗ്രാമിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ വാഹനങ്ങളും ഇലക്ട്രിക്കാക്കി മാറ്റിയാൽ സാധ്യമായ ആരോഗ്യ ഗുണങ്ങളുടെ മുക്കാൽ പങ്കും (75%) ലഭ്യമാകുമെന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ ബാക്കി ഭാഗം ഡൽഹിയിൽ നിന്നും എൻസിആറിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ദിവസേന നഗരത്തിലേക്ക് പ്രവേശിക്കുന്ന ഏകദേശം 5 ലക്ഷത്തോളം (0.5 മില്യൺ) വാഹനങ്ങളെക്കൂടി ആശ്രയിച്ചിരിക്കുന്നു.
ഇന്ത്യയിലെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളിലൊന്നാണ് ഗുരുഗ്രാം, എന്നാൽ അവിടെ മലിനീകരണത്തിന്റെ ഉറവിടങ്ങളെക്കുറിച്ച് ഇതുവരെ ഒരു ഔദ്യോഗിക പഠനവും നടന്നിട്ടില്ല. വാഹന രജിസ്ട്രേഷൻ ഏഴ് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തുകയും പുതിയ വാഹന വിൽപ്പനയിൽ ഇലക്ട്രിക് വാഹനങ്ങൾ വെറും 4.3 ശതമാനം മാത്രം അടയാളപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഈ കണ്ടെത്തലുകൾ വരുന്നത്. അതേസമയം, ഡൽഹിയുടെ പുതിയ ഇവി (EV) നയം സ്കൂൾ ബസുകളെയും ഇരുചക്ര-മുചക്ര വാഹനങ്ങളെയും ഇലക്ട്രിക്കാക്കി മാറ്റാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്.
"വായു മലിനീകരണത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് കുട്ടികളെയാണ്; ഇതിൽ റോഡ് ഗതാഗതം ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. അതിവേഗം വളരുന്ന നഗരമെന്ന നിലയിൽ, ഗുരുഗ്രാമിന് പരമ്പരാഗത ഇന്ധന എഞ്ചിൻ (Internal Combustion Engine) അഥവാ ഇന്ധന വാഹനങ്ങളിൽ നിന്നുള്ള മാറ്റം ത്വരിതപ്പെടുത്തിയും, അയൽപ്രദേശങ്ങളിൽ നിന്ന് നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള മലിനീകരണം നിയന്ത്രിച്ചും നിലവിലെ ഗതാഗത മലിനീകരണ നിയന്ത്രണ നടപടികൾ ശക്തമാക്കാനുള്ള അവസരമുണ്ട്. ഈ നടപടികൾ സംയോജിപ്പിച്ച് നടപ്പിലാക്കുന്നത് ഗുരുഗ്രാമിലെ നിവാസികൾക്ക് പരിസ്ഥിതി സൗഹൃദ ഗതാഗതത്തിലൂടെ പരമാവധി ആരോഗ്യ ഗുണങ്ങൾ ഉറപ്പാക്കാൻ സഹായിക്കും," പഠനത്തിന്റെ സഹരചയിതാവും ഐസിസിടി (ICCT) റീസർച്ചറുമായ മൂർത്തി നായർ പറഞ്ഞു.
"ഗതാഗത മേഖലയിലെ ലക്ഷ്യം വ്യക്തമാണ്: പൂർണ്ണ മലിനീകരണമുക്ത ഗതാഗതത്തിലൂടെ (Zero Tailpipe Emissions) മാത്രമേ നമുക്ക് അവിടെയെത്താൻ സാധിക്കൂ. കുട്ടികളിൽ വായുമലിനീകരണം ഉണ്ടാക്കുന്ന ആരോഗ്യ ആഘാതങ്ങൾ ഇനി കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല," ഐസിസിടി (ICCT) ഇന്ത്യ മാനേജിംഗ് ഡയറക്ടർ അമിത് ഭട്ട് പറഞ്ഞു.
ഇരുചക്ര-മുചക്ര വാഹനങ്ങളും സ്കൂൾ ബസുകളും ഉൾപ്പെടെ എല്ലാത്തരം വാഹന വിഭാഗങ്ങളിലും പൂർണ്ണ മലിനീകരണമുക്ത വാഹനങ്ങളിലേക്കുള്ള (Zero-Emission Vehicles) മാറ്റം വേഗത്തിലാക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ കണ്ടെത്തലുകൾ ചൂണ്ടിക്കാണിക്കുന്നത്. മലിനീകരണത്തിന്റെയും ആരോഗ്യത്തിന്റെയും കാര്യത്തിൽ പൂർണ്ണമായ ഗുണഫലങ്ങൾ ലഭിക്കുന്നതിന് ഗുരുഗ്രാമിലൂടെ കടന്നുപോകുന്നതും വന്നുപോകുന്നതുമായ വാഹനങ്ങളെ നിയന്ത്രിക്കാനുള്ള നടപടികളും പ്രധാനമാണ്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)