വായു മലിനീകരണം രൂക്ഷം; ഡൽഹി-എൻസിആറിലെ ആശുപത്രികളിൽ ശ്വാസകോശ രോഗികളുടെ എണ്ണത്തിൽ വൻ വർധന

വായു നിലവാരം മോശമായതോടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ മൂർച്ഛിക്കുന്നതായും, പ്രത്യേകിച്ച് പ്രായമായവരിൽ ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, ആസ്ത്മ എന്നിവ കൂടുതലായി കണ്ടുവരുന്നതായും ഡോക്ടർമാർ വ്യക്തമാക്കുന്നു
വായുമലിനീകരണം രൂക്ഷമാകുന്ന സമയങ്ങളിൽ ദക്ഷിണ ഡൽഹിയിലെ മജീദിയ ആശുപത്രിയിൽ എത്തുന്ന ശ്വാസകോശ രോഗികളുടെ എണ്ണത്തിൽ ഏകദേശം 60 മുതൽ 70 ശതമാനം വരെ വർധനവുണ്ടാകുന്നതായി ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു
വായുമലിനീകരണം രൂക്ഷമാകുന്ന സമയങ്ങളിൽ ദക്ഷിണ ഡൽഹിയിലെ മജീദിയ ആശുപത്രിയിൽ എത്തുന്ന ശ്വാസകോശ രോഗികളുടെ എണ്ണത്തിൽ ഏകദേശം 60 മുതൽ 70 ശതമാനം വരെ വർധനവുണ്ടാകുന്നതായി ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നുഭഗീരഥ് / ഡി.ടി.ഇ
Published on: 
Summary
  • ദീപാവലിക്ക് ശേഷം വായുമലിനീകരണം രൂക്ഷമായതോടെ, ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, ആസ്ത്മ തുടങ്ങിയ പ്രശ്നങ്ങളുമായി ഡൽഹി-എൻസിആറിലെ ആശുപത്രികളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തുന്നു.

  • വായുമലിനീകരണം അതിരൂക്ഷമാകുന്ന ഘട്ടങ്ങളിൽ ശ്വാസകോശ രോഗികളുടെ എണ്ണത്തിൽ ഏകദേശം 60 മുതൽ 70 ശതമാനം വരെ വർധനവുണ്ടാകുന്നതായി സൗത്ത് ഡൽഹിയിലെ മജീദിയ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ വ്യക്തമാക്കുന്നു.

  • വഷളായിക്കൊണ്ടിരിക്കുന്ന വായു നിലവാരം നിലവിലുള്ള ശ്വാസകോശ രോഗങ്ങളെ കൂടുതൽ ഗുരുതരമാക്കുന്നുണ്ടെന്നും, പ്രത്യേകിച്ച് പ്രായമായവരും കുട്ടികളുമാണ് ഇതിന്റെ ഏറ്റവും വലിയ ഇരകളെന്നും ഡോക്ടർമാർ പറയുന്നു.

  • ശ്വാസകോശ സംബന്ധമായ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടും, രാം മനോഹർ ലോഹ്യ ആശുപത്രിയിൽ 2023-ൽ ആരംഭിച്ച പ്രത്യേക വായു മലിനീകരണ വിഭാഗത്തിലെ ഒപിഡിയിൽ എത്തുന്ന രോഗികളുടെ എണ്ണം ഇപ്പോഴും വളരെ കുറവാണ്.

  • രോഗികളിൽ ഭൂരിഭാഗവും ജനറൽ ഒപിഡി മുഖേന ചികിത്സ തേടുന്നതിനാൽ, പ്രത്യേക ക്ലിനിക്കിനെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ കുറവാണ് ഇവിടെ രോഗികൾ കുറയാൻ കാരണമെന്ന് ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.

ദീപാവലിക്ക് പിന്നാലെ വായുമലിനീകരണം രൂക്ഷമായതോടെ ഡൽഹി-എൻസിആറിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി എത്തുന്ന രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തുന്നു. വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം ഇനിയും ഉയർന്നേക്കാമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

സൗത്ത് ഡൽഹിയിലെ മജീദിയ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ശ്വാസതടസ്സം, വിട്ടുമാറാത്ത ചുമ, പൊള്ളലേറ്റ മുറിവുകൾ എന്നിവയുമായി എത്തുന്ന രോഗികൾക്കാണ് നിലവിൽ ചികിത്സ നൽകുന്നത്. മലിനീകരണ തോത് ഉയർന്ന നിലയിൽ തുടരുന്നതിനാൽ കൂടുതൽ രോഗികൾ എത്തിയേക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ കരുതുന്നത്.

കഴിഞ്ഞ വർഷം ദീപാവലി രാത്രി കഴിഞ്ഞ് 12 മണിക്കൂറിനുള്ളിൽ സമാനമായ ആരോഗ്യപ്രശ്നങ്ങളുമായി 30 രോഗികൾ അത്യാഹിത വിഭാഗത്തിൽ എത്തിയിരുന്നുവെന്ന് ആശുപത്രിയിലെ എമർജൻസി മെഡിക്കൽ ഓഫീസറായ ഡോ. നവാസ് ഷെരീഫ് ‘ഡൗൺ ടു എർത്ത്’നോട് പറഞ്ഞു.

ഉത്സവ സമയത്തും അതിനു തൊട്ടുപിന്നാലെയും സാധാരണയായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

നവംബർ 9-ന് ആശുപത്രിയിലെ റെസ്പിറേറ്ററി ഔട്ട്പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റിൽ (ഒപിഡി) ശ്വാസതടസ്സവുമായി ബന്ധപ്പെട്ട് 42 രോഗികളാണ് എത്തിയത്. മലിനീകരണ തോത് കുറവുള്ള ദിവസങ്ങളിൽ 30 മുതൽ 40 വരെ രോഗികൾ എത്താറുള്ള ഈ വിഭാഗത്തിൽ, വായുനിലവാരം മോശമാകുന്ന ഘട്ടങ്ങളിൽ സാധാരണയായി 50 മുതൽ 60 വരെ രോഗികൾ എത്താറുണ്ട്.

മലിനീകരണ സീസണിൽ രോഗികളുടെ എണ്ണത്തിൽ 60 മുതൽ 70 ശതമാനം വരെ വർധനവുണ്ടാകുമെന്നാണ് ആരോഗ്യപ്രവർത്തകരുടെ കണക്കുകൂട്ടൽ.

ചികിത്സയ്ക്കായി കാത്തിരുന്നവരിൽ സൗത്ത് ഡൽഹിയിലെ തെഖണ്ഡിൽ നിന്നുള്ള മുഹമ്മദ് സബാഹുദ്ദീനും (38) ഉണ്ടായിരുന്നു. വായുനിലവാരം മോശമാകുമ്പോഴെല്ലാം തനിക്ക് വിട്ടുമാറാത്ത ചുമ കഠിനമാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ദീപാവലി സമയത്തും അതിനുശേഷവും ചുമ, ആസ്ത്മ, തൊണ്ടയിലെ അസ്വസ്ഥത, മറ്റ് ശ്വാസകോശ പ്രശ്നങ്ങൾ എന്നിവയ്ക്കായി രോഗികൾ നിരന്തരം ചികിത്സ തേടിയെത്താറുണ്ടെന്ന് ഫരീദാബാദിലെ ജനറൽ ഫിസിഷ്യനായ ഡോ. ഹർഷിത് ജെയിൻ പറഞ്ഞു.

ഇത്തരം പ്രശ്നങ്ങളുമായി തന്റെ ക്ലിനിക്കിൽ എത്തുന്നവരിൽ ഭൂരിഭാഗവും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്വാസതടസ്സം ഹൃദയത്തിന് അധിക സമ്മർദ്ദമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും, പ്രത്യേകിച്ച് മറ്റ് രോഗങ്ങളുള്ളവരിൽ ഇത് കൂടുതൽ അപകടകരമാണെന്നും ഡോ. ജെയിൻ മുന്നറിയിപ്പ് നൽകി.

നവംബർ 9-ന് രാം മനോഹർ ലോഹ്യ ആശുപത്രിയിലെ പ്രത്യേക എയർ പൊല്യൂഷൻ ഒപിഡിയിൽ രോഗികളെ കാത്തിരിക്കുന്ന ഡോക്ടർമാർ.
നവംബർ 9-ന് രാം മനോഹർ ലോഹ്യ ആശുപത്രിയിലെ പ്രത്യേക എയർ പൊല്യൂഷൻ ഒപിഡിയിൽ രോഗികളെ കാത്തിരിക്കുന്ന ഡോക്ടർമാർ. ഭഗീരഥ് / ഡി.ടി.ഇ

പ്രത്യേക മലിനീകരണ ക്ലിനിക്കിൽ രോഗികളുടെ എണ്ണം കുറവ്

ജനറൽ ഔട്ട്പേഷ്യന്റ് ഡിപ്പാർട്ട്‌മെന്റുകളിൽ (ഒപിഡി) ചികിത്സ തേടിയെത്തുന്ന രോഗികളുടെ എണ്ണത്തിൽ വൻ വർധനവുണ്ടാകുമ്പോഴും, മലിനീകരണവുമായി ബന്ധപ്പെട്ട അസുഖങ്ങൾ ചികിത്സിക്കുന്നതിനായി ഡൽഹിയിലെ രാം മനോഹർ ലോഹ്യ ആശുപത്രിയിൽ ആരംഭിച്ച പ്രത്യേക ക്ലിനിക്കിൽ എത്തുന്നവരുടെ എണ്ണം വളരെ കുറവാണ്.

ഡൽഹി-എൻസിആറിലെ ആവർത്തിച്ചുള്ള വായുമലിനീകരണ പ്രതിസന്ധിയെത്തുടർന്ന് 2023 നവംബറിലാണ് ആശുപത്രിയിൽ 'പൊല്യൂഷൻ-റിലേറ്റഡ് ഡിസീസസ് പ്രിവൻഷൻ സെന്റർ' (മലിനീകരണ സംബന്ധമായ രോഗ പ്രതിരോധ കേന്ദ്രം) ആരംഭിച്ചത്.

എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ പ്രവർത്തിക്കുന്ന ഈ ക്ലിനിക്കിൽ ശ്വാസകോശ രോഗങ്ങൾ, ത്വക്ക് രോഗങ്ങൾ, ഇഎൻടി (മൂക്ക്, തൊണ്ട, ചെവി), മനോരോഗം, നേത്രരോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സംയുക്ത സേവനം ലഭ്യമാണ്.

എന്നാൽ, നവംബർ 9-ന് ഡിടിഇ (ഡൗൺ ടു എർത്ത്) സന്ദർശിച്ചപ്പോൾ അവിടെ ഒരു രോഗി പോലും ഉണ്ടായിരുന്നില്ല.

പൊതുജനങ്ങൾക്കിടയിലെ ബോധവൽക്കരണക്കുറവാണ് രോഗികൾ കുറയാൻ കാരണമെന്ന് ക്ലിനിക്കിലെ റെസ്പിറേറ്ററി സ്പെഷ്യലിസ്റ്റായ ഡോ. ഇഷിത ചൂണ്ടിക്കാട്ടി.

വർഷം മുഴുവൻ ക്ലിനിക് പ്രവർത്തിക്കുന്നുണ്ടെങ്കിലും, മലിനീകരണ തോത് വർധിക്കുന്ന ഒക്ടോബർ മുതലാണ് സാധാരണയായി രോഗികൾ എത്തിത്തുടങ്ങാറുള്ളതെന്നും അവർ വ്യക്തമാക്കി.

മലിനീകരണ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്നതിനായി 2023-ൽ ആരംഭിച്ച രാം മനോഹർ ലോഹ്യ ആശുപത്രിയുടെ പ്രത്യേക എയർ പൊല്യൂഷൻ ഒപിഡി, എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തിക്കുന്നത്.
മലിനീകരണ സംബന്ധമായ അസുഖങ്ങൾ ചികിത്സിക്കുന്നതിനായി 2023-ൽ ആരംഭിച്ച രാം മനോഹർ ലോഹ്യ ആശുപത്രിയുടെ പ്രത്യേക എയർ പൊല്യൂഷൻ ഒപിഡി, എല്ലാ തിങ്കളാഴ്ചയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെയാണ് പ്രവർത്തിക്കുന്നത്.ഭഗീരഥ് / ഡി.ടി.ഇ

വായുമലിനീകരണം എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും കുട്ടികളും പ്രായമായവരുമാണ് ഇതിന് ഏറ്റവും കൂടുതൽ ഇരകളാകുന്നതെന്ന് ഡോ. ഇഷിത പറഞ്ഞു.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പ്രവർത്തിക്കുന്ന ആശുപത്രിയിലെ പതിവ് റെസ്പിറേറ്ററി ഒപിഡിയിൽ കഴിഞ്ഞ ഒരു മാസമായി രോഗികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നും, വായുനിലവാരം മോശമായതോടെ ആളുകളിൽ നിലവിലുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ വഷളായതായും അവർ കൂട്ടിച്ചേർത്തു.

ആശുപത്രിയിലെ പൊല്യൂഷൻ ക്ലിനിക്കിൽ പ്രവർത്തിക്കുന്ന ഡോ. അമിത് ജിൻഡാൽ വ്യക്തമാക്കിയത്, ആഴ്ചയിലൊരിക്കൽ മാത്രം പ്രവർത്തിക്കുന്ന സ്പെഷ്യലിസ്റ്റ് ക്ലിനിക്കിനായി കാത്തിരിക്കുന്നതിന് പകരം ജനറൽ ഒപിഡി വഴി ചികിത്സ തേടാനാണ് മലിനീകരണ ലക്ഷണങ്ങളുള്ള രോഗികളിൽ ഭൂരിഭാഗവും താല്പര്യപ്പെടുന്നതെന്നാണ്.

മലിനീകരണ സീസണിൽ സാധാരണയായി രോഗികളുടെ എണ്ണം വർധിക്കാറുണ്ടെന്നും, മുൻപ് ആരോഗ്യസ്ഥിതി തൃപ്തികരമായിരുന്ന ചിലർ പോലും നിശ്ചയിച്ച തുടർപരിശോധനാ തീയതിക്ക് മുൻപായിത്തന്നെ ചികിത്സ തേടി എത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വായുനിലവാരം വഷളാകുന്നതോടെ, മുൻപ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളൊന്നും തന്നെയില്ലാത്തവരിലും ഇത്തരം രോഗലക്ഷണങ്ങൾ കണ്ടുവരുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)