യുദ്ധം ദൂരെയെങ്കിലും ഇന്ത്യയിൽ കർഷകന്റെ ചെലവ് ഉയരുന്നു
• പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധങ്ങളും അസ്ഥിരതയും നേരിട്ടല്ലെങ്കിലും ഇന്ത്യയുടെ കാർഷിക മേഖലയെ സാരമായി ബാധിക്കുന്നുണ്ട്.
• എണ്ണയുടെ (Crude oil) വില കൂടുന്നത് കൃഷിപ്പണികൾ, ചരക്കുനീക്കം, ജലസേചനം എന്നിവയുടെ ചിലവ് ഗണ്യമായി വർദ്ധിപ്പിക്കാൻ കാരണമാകുന്നു.
• വളങ്ങൾക്കായി ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത് ഇറക്കുമതിയെയാണ്. അതിനാൽ, ആഗോളതലത്തിൽ വളം ഉൽപ്പാദനത്തിലോ വിലയിലോ ഉണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യൻ കർഷകരെ നേരിട്ട് ബാധിക്കുന്നു.
• ചരക്ക് കപ്പലുകളുടെ റൂട്ടുകളിൽ ഉണ്ടാകുന്ന തടസ്സങ്ങൾ കാർഷിക അനുബന്ധ പ്രവർത്തനങ്ങളുടെ ചിലവ് വർദ്ധിപ്പിക്കാൻ ഇടയാക്കുന്നു.
പശ്ചിമേഷ്യയിലെ യുദ്ധങ്ങളും ഹോർമുസ് കടലിടുക്ക് (Strait of Hormuz) അടച്ചിടുന്നതുപോലുള്ള സംഭവങ്ങളും ഇന്ത്യൻ കൃഷിയിടങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് നമുക്ക് തോന്നിയേക്കാം. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്. ഈ സംഘർഷങ്ങൾ ഇന്ത്യയുടെ ഊർജ്ജ സംവിധാനങ്ങളെ തകിടം മറിക്കുകയും രാജ്യത്തെ കാർഷിക മേഖലയെ പലവിധത്തിൽ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നുണ്ട്.
2023-24 കാലഘട്ടത്തിലെ കണക്കനുസരിച്ച്, ഇന്ത്യ ഉപയോഗിക്കുന്ന എണ്ണയുടെ (Crude oil) 87.7 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും വലിയ 'ഊർജ്ജ-ആശ്രിത' സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായി ഇന്ത്യയെ മാറ്റുന്നു. കൂടാതെ, കൃഷിക്ക് ആവശ്യമായ പൊട്ടാഷ് വളങ്ങൾ പൂർണ്ണമായും, ഫോസ്ഫേറ്റ് വളങ്ങൾ നിർമ്മിക്കാനാവശ്യമായ വസ്തുക്കളുടെ 85-90 ശതമാനവും ഇന്ത്യ വിദേശങ്ങളിൽ നിന്നാണ് എത്തിക്കുന്നത്. വളം ഉൽപ്പാദനത്തിന്റെ കാര്യത്തിലും ഇന്ത്യക്ക് വിദേശ രാജ്യങ്ങളെ ഇത്രത്തോളം ആശ്രയിക്കേണ്ടി വരുന്നത് വലിയൊരു വെല്ലുവിളിയാണ്.
ഇന്ധന വിലയും കൃഷിയുടെ സാമ്പത്തിക ശാസ്ത്രവും
ആധുനിക കൃഷി ഊർജ്ജവുമായി അവിഭാജ്യമായ രീതിയിൽ ബന്ധിക്കപ്പെട്ടിരിക്കുന്നു. ട്രാക്ടറുകൾക്കും ഹാർവെസ്റ്ററുകൾക്കും ഇന്ധനം നൽകുന്നതിനും, വിളവെടുക്കുന്ന ഉൽപ്പന്നങ്ങൾ കൃഷിയിടങ്ങളിൽ നിന്ന് വിപണിയിലെത്തിക്കുന്നതിനും ഡീസൽ അത്യാവശ്യമാണ്.
അതുകൊണ്ട് തന്നെ, എണ്ണയുടെ (Crude oil) വിലയിലുണ്ടാകുന്ന വ്യതിയാനങ്ങൾ കാർഷിക മേഖലയെ നേരിട്ട് ബാധിക്കുന്നു. ഇത് ജലസേചനം, ട്രാക്ടറുകളുടെ പ്രവർത്തനം, ചന്തകളിലേക്കുള്ള ഉൽപ്പന്നങ്ങളുടെ ഗതാഗതം എന്നിവയുടെ ചിലവ് വർദ്ധിപ്പിക്കുന്നു.
ഭൗമരാഷ്ട്രീയവും കൃഷിയും തമ്മിലുള്ള ബന്ധം വളങ്ങളുടെ കാര്യമെടുത്താൽ കൂടുതൽ വ്യക്തമാകും. യൂറിയ, അമോണിയ തുടങ്ങിയ നൈട്രജൻ അധിഷ്ഠിത വളങ്ങൾ നിർമ്മിക്കാൻ വലിയ അളവിൽ പ്രകൃതിവാതകം ആവശ്യമാണ്.
പ്രകൃതിവാതകത്താൽ സമ്പന്നമായ ഖത്തർ, സൗദി അറേബ്യ തുടങ്ങിയ പശ്ചിമേഷ്യൻ രാജ്യങ്ങൾക്ക് ലോകമെമ്പാടുമുള്ള വളത്തിന്റെ ലഭ്യതയിൽ വലിയ സ്വാധീനമുണ്ട്.
അടുത്ത കാലത്തായി ഇന്ത്യ വളം ഉൽപ്പാദനം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, ഇപ്പോഴും ഇറക്കുമതിയെ വലിയ തോതിൽ ആശ്രയിക്കുന്നു.
വിലക്കയറ്റത്തിൽ നിന്ന് കർഷകനെ സംരക്ഷിക്കുന്നതിനായി സർക്കാർ വളം സബ്‌സിഡികൾ നടപ്പിലാക്കുന്നു. എന്നാൽ ഇത്തരം സബ്‌സിഡികൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയ്ക്ക് വലിയ ഭാരമാണ്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2022-23 കാലയളവിൽ ഇന്ത്യയുടെ വളം സബ്‌സിഡി ബാധ്യത 1.9 ലക്ഷം കോടി രൂപ കടന്നു. വിലയിലുണ്ടാകുന്ന ചാഞ്ചാട്ടം വർദ്ധിച്ചുവരുന്ന ബാധ്യതയുടെ പ്രതിഫലനമാണിത്.
എന്നിരുന്നാലും, ഊർജ്ജ വിതരണവും വളങ്ങളും മാത്രമല്ല പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കൃഷിയെ ബാധിക്കുന്ന ഏക വഴികൾ. സമുദ്ര വ്യാപാര പാതകളുടെ പങ്കും ഈ കാര്യത്തിൽ വളരെ പ്രധാനമാണ്.
ചെങ്കടലും (Red Sea) സൂയസ് കനാലും ഏഷ്യയെയും യൂറോപ്പിനെയും ബന്ധിപ്പിക്കുകയും വലിയ അളവിലുള്ള അന്താരാഷ്ട്ര ചരക്ക് നീക്കം നടത്തുകയും ചെയ്യുന്നു. ഈ മേഖലയിൽ സംഘർഷങ്ങൾ വർദ്ധിക്കുമ്പോൾ, കപ്പലുകൾ ദക്ഷിണാഫ്രിക്കയിലെ കേപ്പ് ഓഫ് ഗുഡ് ഹോപ്പ് വഴി ചുറ്റിപ്പോകാൻ നിർബന്ധിതരാകുന്നു.
ഇത്തരം പാതകൾ ചരക്ക് നീക്കത്തിന് ആവശ്യമായ സമയം വർദ്ധിപ്പിക്കുകയും കപ്പൽ വാടക (Freight costs) കൂട്ടുകയും ചെയ്യുന്നു. കാർഷിക ഉൽപ്പന്നങ്ങൾ, വളങ്ങൾ, ഭക്ഷ്യ എണ്ണകൾ, ധാന്യങ്ങൾ എന്നിവയാണ് പലപ്പോഴും ഈ പാതകളിലൂടെ വ്യാപാരം ചെയ്യപ്പെടുന്ന പ്രധാന വസ്തുക്കൾ. കപ്പൽ വാടകയിലുണ്ടാകുന്ന വർദ്ധനവ് ആഗോളതലത്തിൽ ഭക്ഷണസാധനങ്ങളുടെ വില കൂടാൻ കാരണമാകുന്നു.
ഇന്ത്യയെപ്പോലെ വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്ത്, ഭക്ഷണസാധനങ്ങളുടെ വിലയിലുണ്ടാകുന്ന ചെറിയ വർദ്ധനവ് പോലും വലിയ സാമ്പത്തിക പ്രശ്നങ്ങൾക്ക് വഴിതുറക്കും.
വിളവല്ല കുറയുന്നത്, കൃഷി ചിലവാണ് കൂടുന്നത്
ഈ പറയുന്ന പോരായ്മകൾക്കിടയിലും, ഇന്ത്യയുടെ കാർഷിക മേഖലയ്ക്ക് ചില ശക്തമായ വശങ്ങളുണ്ട്. രാജ്യം അതിന്റെ പ്രധാന ഭക്ഷ്യവിഭവങ്ങളിൽ ഭൂരിഭാഗവും സ്വന്തമായി ഉൽപ്പാദിപ്പിക്കുന്നു. അരി, ഗോതമ്പ്, പയറുവർഗ്ഗങ്ങൾ എന്നിവയുടെ ഉൽപ്പാദനത്തിൽ ലോകത്തെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ.
ഭക്ഷ്യവിപണിയെ നിയന്ത്രിക്കുന്നതിനും വില നിലവാരം ഉറപ്പുവരുത്തുന്നതിനും സർക്കാർ നടപ്പിലാക്കുന്ന താങ്ങുവില (Minimum Support Price), സംഭരണ സംവിധാനം, പൊതുവിതരണ ശൃംഖല (PDS) എന്നിവ വലിയ തോതിൽ സഹായിക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ, ആഗോള രാഷ്ട്രീയ സാഹചര്യങ്ങൾ രാജ്യത്തെ ഭക്ഷണത്തിന്റെ ലഭ്യതയെ നേരിട്ട് ബാധിക്കുന്നില്ല. എന്നാൽ ഇതിന്റെ ആഘാതം മറ്റൊരു തരത്തിലാണ് പ്രകടമാകുന്നത്. കൃഷി നടക്കുന്നുണ്ടോ എന്നതല്ല ഇവിടുത്തെ യഥാർത്ഥ ചോദ്യം, മറിച്ച് അത് വിളയിച്ചെടുക്കാൻ എത്രത്തോളം ചിലവാകുന്നു എന്നതാണ്.
അസ്ഥിരമായ ലോകത്ത് അതിജീവനം കെട്ടിപ്പടുക്കുമ്പോൾ
മഹാമാരികൾ മുതൽ ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വരെയുള്ള ആഗോള പ്രതിസന്ധികൾ ആവർത്തിക്കുന്നത് കാർഷിക മേഖലയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയെ അടിവരയിടുന്നു.
ഇറക്കുമതി ചെയ്യുന്ന വളങ്ങളെയും ഇന്ധനങ്ങളെയും അമിതമായി ആശ്രയിക്കുന്നത് ഒഴിവാക്കുക എന്നത് ഈ മേഖലയിലെ സുപ്രധാനമായ ഒരു ചുവടുവെപ്പായിരിക്കും. ആഭ്യന്തരമായി വളം ഉൽപ്പാദനം വർദ്ധിപ്പിക്കുക, ജൈവവളങ്ങളിൽ (Bio-fertilizers) ശ്രദ്ധ കേന്ദ്രീകരിക്കുക, വളങ്ങളുടെ ഉപയോഗം കൂടുതൽ കാര്യക്ഷമമാക്കുക എന്നിവ ഇതിനായി ചെയ്യാവുന്ന കാര്യങ്ങളാണ്.
പുനരുപയോഗ ഊർജ്ജമാണ് (Renewable energy) മറ്റൊരു പ്രധാന മേഖല. പിഎം-കുസും (PM-KUSUM) പദ്ധതിക്ക് കീഴിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന സൗരോർജ്ജ പമ്പുകൾ ജലസേചനത്തിനായി ഉപയോഗിക്കുന്നത് വഴി ഡീസലിനായുള്ള കർഷകരുടെ ആശ്രിതത്വം കുറയ്ക്കാൻ സാധിക്കും.
പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, ആയിരക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഒരു രാഷ്ട്രീയ സംഘർഷത്തിന് പോലും ഇന്ത്യയിലെ കൃഷിയുടെ സാമ്പത്തിക അടിത്തറയെ നിശബ്ദമായി മാറ്റിമറിക്കാൻ കഴിയും. അതിനാൽ, വരാനിരിക്കുന്ന ആഗോള പ്രതിസന്ധികളിൽ നിന്ന് കർഷകരെ സംരക്ഷിക്കുന്നതിന് ആഭ്യന്തര ഉൽപ്പാദന സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതും കൃഷിയിൽ പുനരുപയോഗ ഊർജ്ജം പ്രയോജനപ്പെടുത്തുന്നതും അത്യന്താപേക്ഷിതമാണ്.
(കെ. രാജരാജൻ, ഐ.സി.എ.ആർ-സി.എ.എഫ്.ആർ.ഐ (ICAR-CAFRI, Jhansi) സീനിയർ സയന്റിസ്റ്റും, എ. അരുണാചലം അവിടുത്തെ ഡയറക്ടറുമാണ്. ലേഖനത്തിൽ പ്രകടിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങൾ രചയിതാക്കളുടേത് മാത്രമാണ്, അവ 'ഡൗൺ ടു എർത്ത്' (Down To Earth) മാസികയുടെ ഔദ്യോഗിക നിലപാടുകളാകണമെന്നില്ല.)
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)
