ആഗോള താപനില 1°C ഉയർന്നാൽ ഇന്ത്യയിലെ നെല്ലുൽപ്പാദനം 6.6% കുറഞ്ഞേക്കാം: പഠനം

ഉയർന്ന താപനില മൂലം നെല്ലുത്പാദനത്തിലുണ്ടാകുന്ന നഷ്ടം മുമ്പ് കണക്കാക്കിയിരുന്നതിനേക്കാൾ മൂന്ന് മടങ്ങിലധികമാകാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
ജാർഖണ്ഡിലെ നെൽവയലിൽ ജോലി ചെയ്യുന്ന കർഷക തൊഴിലാളികൾ
ജാർഖണ്ഡിലെ നെൽവയലിൽ ജോലി ചെയ്യുന്ന കർഷക തൊഴിലാളികൾCSE
Published on
Summary
  • ആഗോള ശരാശരി താപനിലയിൽ ഉണ്ടാകുന്ന ഓരോ 1°C വർദ്ധനവിനും ഇന്ത്യയിലെ നെല്ലുത്പാദനത്തിൽ 6.6 ശതമാനം ഇടിവുണ്ടായേക്കാമെന്ന് പുതിയ പഠനം കണക്കാക്കുന്നു.

  • ഈ കണക്ക് നേരത്തെയുള്ള പ്രവചനങ്ങളേക്കാൾ മൂന്ന് മടങ്ങിലധികമാണ്; രാജ്യത്തെ മൂന്നിൽ രണ്ട് ഭാഗം ജനങ്ങളുടെയും പ്രധാന ആഹാരമായ അരി ഉത്പാദനത്തിൽ ഇത്രയും വലിയ ഇടിവുണ്ടാകുന്നത് വലിയ ആശങ്ക ഉയർത്തുന്നു.

  • 30°C-ന് മുകളിലുള്ള താപനിലയാണ് താപവർദ്ധനവ് മൂലമുള്ള നെല്ലുത്പാദന നഷ്ടത്തിന് പ്രധാന കാരണമാകുന്നതെന്ന് പഠനത്തിൽ കണ്ടെത്തി, പ്രത്യേകിച്ച് നെല്ലിന്റെ പൂവിടൽ, കതിരിടൽ (reproductive stages) ഘട്ടങ്ങളിൽ.

  • വിപുലമായ നെൽകൃഷിയും കഠിനമായ ഉഷ്ണതരംഗങ്ങളുടെ വർദ്ധനവും കാരണം തെക്ക്, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളാണ് ഉത്പാദനത്തിൽ ഏറ്റവും വലിയ തിരിച്ചടി നേരിടാൻ പോകുന്നത്.

ആഗോള ശരാശരി താപനിലയിൽ ഉണ്ടാകുന്ന ഓരോ 1 ഡിഗ്രി സെൽഷ്യസ് (°C) വർദ്ധനവിനും ഇന്ത്യയിലെ നെല്ലുത്പാദനത്തിൽ 6.6 ശതമാനം ഇടിവുണ്ടായേക്കാമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഈ കണക്ക് നേരത്തെയുള്ള പ്രവചനങ്ങളേക്കാൾ മൂന്ന് മടങ്ങിലധികമാണ്. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗത്തിന്റെയും പ്രധാന ആഹാരമാണ് അരി.

'സയൻസ് അഡ്വാൻസസ്' (Science Advances) എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമാണ് ആഗോളതാപനം നെല്ലുത്പാദനത്തിൽ വരുത്തുന്ന പ്രത്യാഘാതങ്ങൾ അളന്നുതിട്ടപ്പെടുത്തിയത്. ഹെൽംഹോൾട്സ് സെന്റർ ഫോർ എൻവയോൺമെന്റൽ റിസെർച്ചിന്റെ (Helmholtz Centre for Environmental Research) നേതൃത്വത്തിൽ പോട്സ്ഡാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ഇംപാക്ട് റിസെർച്ചിന്റെ സഹകരണത്തോടെ നടന്ന പഠനത്തിൽ, നെൽകൃഷി ചെയ്യുന്ന 214 പ്രദേശങ്ങളിൽ നിന്നുള്ള യഥാർത്ഥ താപനില നിരീക്ഷണങ്ങളെ ഏഴ് ക്രോപ്പ് മോഡലുകളുമായി (crop models) താരതമ്യം ചെയ്തു.

കഠിനമായ ഉഷ്ണതരംഗം മൂലം നെല്ലുത്പാദനത്തിലുണ്ടാകുന്ന നഷ്ടം മുൻപ് കരുതിയതിനേക്കാൾ വളരെ കൂടുതലാണെന്നാണ് ഇതിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

ആഗോള താപനിലയിലെ 1°C വർദ്ധനവ് മൂലമുണ്ടാകുന്ന നെല്ലുത്പാദനക്കുറവിനെക്കുറിച്ചുള്ള മോഡൽ അധിഷ്ഠിത കണക്കുകൂട്ടലുകൾ, യഥാർത്ഥ പരീക്ഷണങ്ങളിൽ കണ്ടെത്തിയതിന്റെ പകുതി മാത്രമായിരുന്നു - പഠന റിപ്പോർട്ട് അനുസരിച്ച് ഇത് "8.1 ശതമാനത്തിന് പകരം 3.8 ശതമാനം" ആയിരുന്നു.

30°C-ന് മുകളിലുള്ള ചൂട് വലിയ നഷ്ടമുണ്ടാക്കുന്നു

30°C-ന് മുകളിലുള്ള താപനിലയാണ് താപവർദ്ധനവ് മൂലമുള്ള നെല്ലുത്പാദന നഷ്ടത്തിന് പ്രധാന കാരണമാകുന്നതെന്ന് പഠനത്തിൽ കണ്ടെത്തി. "പഠനം നടത്തിയ 70 ശതമാനത്തിലധികം കേന്ദ്രങ്ങളിലും, മൊത്തത്തിലുള്ള വിളവ് വ്യതിയാനത്തിന്റെ പകുതിയിലധികത്തിനും കാരണം ഉയർന്ന താപനില നേരിടേണ്ടി വന്നതാണ്," പഠനം വ്യക്തമാക്കുന്നു.

ആഗോളതാപനം മൂലമുള്ള മേഖല തിരിച്ചുള്ള നെല്ലുത്പാദന നഷ്ടത്തിന്റെ കണക്കുകളും പഠനം പുതുക്കി നിശ്ചയിച്ചു. ഏറ്റവും വലിയ ഇടിവ് പ്രവചിക്കപ്പെട്ടിരിക്കുന്നത് തെക്ക്, തെക്കുകിഴക്കൻ ഏഷ്യയിലാണ്. "പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്ക്, വിളവ് നഷ്ടപ്പെടുന്നതിന്റെ കണക്ക് 2.1-ൽ നിന്ന് 6.6 ശതമാനമായി ഉയർന്നു. തായ്ലാൻഡ്, ഫിലിപ്പീൻസ്, മ്യാൻമർ എന്നീ രാജ്യങ്ങൾക്ക് ഇത് 3.7-ൽ നിന്ന് 7.7 ശതമാനമായി വർദ്ധിച്ചു," എന്ന് പഠനം പറയുന്നു.

നിലവിലുള്ള പല ക്രോപ്പ് മോഡലുകളും നെല്ലിന്റെ പൂവിടൽ, കതിരിടൽ (reproductive stages) ഘട്ടങ്ങളിൽ ചൂട് വരുത്തുന്ന ആഘാതത്തെ കൃത്യമായി രേഖപ്പെടുത്താത്തതാണ് യഥാർത്ഥ നിരീക്ഷണങ്ങളും മോഡലുകളും തമ്മിലുള്ള ഈ വ്യത്യാസത്തിന് കാരണമെന്ന് ഹെൽംഹോൾട്സ് സെന്റർ ഫോർ എൻവയോൺമെന്റൽ റിസെർച്ചിലെ പ്രധാന ഗവേഷകനായ യിവെയ് ജിയാൻ (Yiwei Jian) പറഞ്ഞു. "നെൽക്കതിരുകളും മണികളും രൂപപ്പെടുന്ന ഈ ഘട്ടത്തിൽ തന്നെയാണ് നെല്ലിന് കഠിനമായ ചൂടിൽ നിന്ന് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടാകുന്നത് എന്ന് ഈ പഠനത്തിലെ നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു," ജിയാൻ വ്യക്തമാക്കി.

ഈ കണ്ടെത്തലുകൾ ഉയർന്നുവരുന്ന താപനില ഭക്ഷ്യോത്പാദനത്തിൽ വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുന്നു. ആഗോളതാപനം 1.5°C പരിധി കടക്കുകയും കാലാവസ്ഥാ വ്യതിയാനം ഭക്ഷ്യോത്പാദനത്തിന് അനുയോജ്യമല്ലാതായി മാറുകയും ചെയ്യുമ്പോൾ, കുറഞ്ഞ അക്ഷാംശ മേഖലകളിലെ (low-latitude regions) കാർഷികോത്പാദനത്തിന്റെ പകുതിയെങ്കിലും അപകടത്തിലായേക്കാമെന്ന് മാർച്ച് മാസത്തിൽ 'നേച്ചർ ഫുഡ്' (Nature Food) ജേണലിൽ പ്രസിദ്ധീകരിച്ച ആഗോള വിശകലനം മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോളതാപനം 2°C കടന്നാൽ 52 ശതമാനം കൃഷിഭൂമിയിലും, 3°C കടന്നാൽ 56 ശതമാനം കൃഷിഭൂമിയിലും വിളവെടുപ്പിനെ ബാധിക്കുമെന്നും വിള വൈവിധ്യത്തിന് ഭീഷണിയാകുമെന്നും ആ പഠനം മുന്നറിയിപ്പ് നൽകിയിരുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഈ പുതിയ ഗവേഷണം മറ്റൊരു മുന്നറിയിപ്പ് സൂചനയാണ്. അടുത്ത കാലത്തായി, അതികഠിനമായ ചൂടുള്ള ദിവസങ്ങൾ കാരണം വിളകൾ (പ്രത്യേകിച്ച് ഗോതമ്പും നെല്ലും) വാടിപ്പോകുന്നതായി വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 1966 മുതൽ 2016 വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി മെയ് മാസത്തിൽ പുറത്തിറക്കിയ 'ഇന്ത്യയിലെ കാലാവസ്ഥാ വ്യതിയാനവും കാർഷിക വിളവും' എന്ന പഠനത്തിൽ, 1°C താപവർദ്ധനവ് രാജ്യത്തെ എല്ലാ വിളകളുടെയും ശരാശരി ഉത്പാദനത്തിൽ ഏകദേശം 8 ശതമാനം കുറവുണ്ടാക്കിയതായി കണ്ടെത്തിയിരുന്നു.

ചൂടും മഴലഭ്യതയിലെ മാറ്റങ്ങളും കാർഷിക ഉത്പാദനക്ഷമതയിൽ വലിയ രീതിയിലുള്ള ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയതായി പഠനത്തിൽ തെളിഞ്ഞു, ചില വിളകൾക്ക് ദേശീയ ശരാശരിയേക്കാൾ വളരെ കനത്ത നഷ്ടമാണ് നേരിട്ടത്. 1°C താപനില ഉയർന്നപ്പോൾ ബാജ്‌റയുടെ (Pearl millet) ഉത്പാദനത്തിൽ 19 ശതമാനം വരെയും, ചോളത്തിന്റെ ഉത്പാദനത്തിൽ 16 ശതമാനത്തിലധികവും ഇടിവുണ്ടായതായി കണക്കുകൾ കാണിക്കുന്നു. ഏറ്റവും കൂടുതൽ ദുരന്തബാധിതമായ ജില്ലകളിൽ വിളവ് 39 ശതമാനം വരെ കുറഞ്ഞേക്കാം..

(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)

Down To Earth
malayalam.downtoearth.org.in