

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോ (NCRB) 2026 മെയ് 7-ന് പുറത്തുവിട്ട ‘ഇന്ത്യയിലെ ആകസ്മിക മരണങ്ങളും ആത്മഹത്യകളും - 2024’ എന്ന റിപ്പോർട്ട് പ്രകാരം, 2024-ൽ രാജ്യത്ത് കുറഞ്ഞത് 10,546 പേർ കാർഷിക മേഖലയിൽ ആത്മഹത്യ ചെയ്തു. ഇന്ത്യയിലെ ആകെ ആത്മഹത്യകളുടെ (1,70,746) 6.2 ശതമാനമാണിത്.
10,786 പേർ ആത്മഹത്യ ചെയ്ത 2023-നെ അപേക്ഷിച്ച് 2024-ലെ കണക്കുകളിൽ നേരിയ കുറവുണ്ട്. എങ്കിലും, രാജ്യത്ത് പ്രതിദിനം ശരാശരി 28 കർഷകരും കാർഷിക തൊഴിലാളികളും ആത്മഹത്യ ചെയ്യുന്നുണ്ട്. 2022-ലാണ് ഈ മേഖലയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ രേഖപ്പെടുത്തിയത് (11,290). അതിനുശേഷം ആത്മഹത്യകളുടെ എണ്ണത്തിൽ തുടർച്ചയായ കുറവുണ്ടാകുന്നുണ്ടെങ്കിലും താഴെത്തട്ടിൽ കാര്യമായ മാറ്റങ്ങളില്ലെന്നാണ് കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവണതകൾ സൂചിപ്പിക്കുന്നത്. ഇന്നും ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഒരു കർഷകൻ വീതം ആത്മഹത്യ ചെയ്യുന്നു.
ദൈനംദിന കാർഷിക ജോലികളിൽ നിന്നുള്ള വേതനത്തെ ആശ്രയിച്ച് കഴിയുന്ന കാർഷിക തൊഴിലാളികളുടെ ആത്മഹത്യാ നിരക്ക് കർഷകരേക്കാൾ (സ്വന്തമായി കൃഷിഭൂമിയുള്ളവർ) കൂടുതലാണെന്ന ആശങ്കാജനകമായ വസ്തുതയും പുതിയ എൻ.സി.ആർ.ബി ഡാറ്റ വെളിപ്പെടുത്തുന്നു.
കാർഷിക മേഖലയിൽ ആത്മഹത്യ ചെയ്ത 10,546 പേരിൽ 56 ശതമാനവും (5,913 പേർ) കാർഷിക തൊഴിലാളികളാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണിത്. 2020-ൽ കാർഷിക മേഖലയിലെ ആകെ ആത്മഹത്യകളുടെ 47.75 ശതമാനമായിരുന്നു ഇവരുടെ നിരക്ക്.
2021-ലാണ് കർഷക തൊഴിലാളികളുടെ ആത്മഹത്യാ നിരക്കിൽ ആദ്യമായി വർദ്ധനവുണ്ടായത്. അന്നുമുതൽ ഈ വിഭാഗത്തിനിടയിലെ ആത്മഹത്യാ അനുപാതം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ഇത് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്; കാരണം, വർഷങ്ങളായി ഒരു ശരാശരി കർഷക കുടുംബത്തിന്റെ വരുമാന സ്രോതസ്സ് വിള ഉൽപ്പാദനത്തേക്കാൾ ഉപരിയായി കാർഷിക ജോലികളിൽ നിന്നുള്ള വേതനത്തെയാണ് കൂടുതൽ ആശ്രയിക്കുന്നത്
കാർഷിക മേഖലയിലെ ആത്മഹത്യകളിൽ കർഷകരുടെ (സ്വന്തമായി ഭൂമിയുള്ളവർ) വിഹിതം കുറഞ്ഞു വരികയായിരുന്നുവെങ്കിലും, 2024-ൽ ഇത് നേരിയ തോതിൽ വർദ്ധിച്ചു. 2023-ൽ 43.48 ശതമാനമായിരുന്ന കർഷക ആത്മഹത്യകൾ 2024-ൽ 43.93 ശതമാനമായി ഉയർന്നു. 2021 മുതൽ ഈ വിഭാഗത്തിലെ ആത്മഹത്യാ നിരക്കിൽ പ്രകടമായിരുന്ന കുറവിനു ശേഷമാണ് ഇപ്പോൾ ഈ നേരിയ വർദ്ധനവുണ്ടായിരിക്കുന്നത്.
ഏറ്റവും കൂടുതൽ കാർഷിക ആത്മഹത്യകൾ മഹാരാഷ്ട്രയിൽ
കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ ആത്മഹത്യകൾ രേഖപ്പെടുത്തിയത് മഹാരാഷ്ട്രയിലാണ്; 3,824 കർഷകരും കാർഷിക തൊഴിലാളികളുമാണ് അവിടെ ജീവിതം അവസാനിപ്പിച്ചത്. ഈ എണ്ണം ഏറ്റവും ഉയർന്നതാണെന്ന് മാത്രമല്ല, രാജ്യത്തെ ആകെ കാർഷിക ആത്മഹത്യകളുടെ 36.26 ശതമാനവും ഈ ഒരു സംസ്ഥാനത്താണ് നടന്നത്. ഈ ആത്മഹത്യകളുടെ കൃത്യമായ കാരണങ്ങൾ എൻ.സി.ആർ.ബി റിപ്പോർട്ട് പരാമർശിക്കുന്നില്ലെങ്കിലും, 2024-ൽ മഹാരാഷ്ട്രയിൽ പ്രളയം ഉൾപ്പെടെയുള്ള തീവ്ര കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം കുറഞ്ഞത് 20,37,651 ഹെക്ടർ കൃഷിഭൂമി നശിച്ചുവെന്നത് ശ്രദ്ധേയമാണ്. കാലാവസ്ഥാ ദുരന്തങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ഇന്ററാക്ടീവ് അറ്റ്‌ലസ് (India’s interactive atlas on weather disasters) വ്യക്തമാക്കുന്നത് പ്രകാരം, രാജ്യത്താകെ കാലാവസ്ഥാ വ്യതിയാനം ബാധിച്ച 40,72,523 ഹെക്ടർ കൃഷിഭൂമിയുടെ പകുതിയോളം വരും ഇത്.
കർണാടകയാണ് (2,971) പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. മധ്യപ്രദേശ് (835), ആന്ധ്രാപ്രദേശ് (780), തമിഴ്‌നാട് (503), ഛത്തീസ്ഗഡ് (486) എന്നിവയാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
എങ്കിലും, മുൻവർഷത്തെ അപേക്ഷിച്ച് ആത്മഹത്യകളുടെ എണ്ണത്തിൽ ഏറ്റവും വലിയ വർദ്ധനവുണ്ടായത് കർണാടകയിലാണ് - 22.61 ശതമാനം. രാജസ്ഥാനാണ് (14 ശതമാനം) രണ്ടാം സ്ഥാനത്ത്, തൊട്ടുപിന്നിൽ മധ്യപ്രദേശ് (7.46 ശതമാനം). പട്ടികയിൽ നാലാം സ്ഥാനത്താണെങ്കിലും ആന്ധ്രാപ്രദേശിൽ 2023-നെ അപേക്ഷിച്ച് ആത്മഹത്യകളിൽ 15.67 ശതമാനം കുറവുണ്ടായി.
കേന്ദ്രഭരണ പ്രദേശങ്ങളിൽ പുതുച്ചേരിയിൽ 2019-നും 2022-നും ഇടയിൽ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ 2023-ൽ റിപ്പോർട്ട് ചെയ്ത 10 കേസുകൾ 2024-ൽ 33 ആയി വർദ്ധിച്ചു - ഇവരെയെല്ലാം കാർഷിക തൊഴിലാളികളായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് ഏറ്റവും വലിയ വർദ്ധനവാണിത്; ഒറ്റ വർഷത്തിനുള്ളിൽ ആത്മഹത്യകൾ 230 ശതമാനം അഥവാ മൂന്നിരട്ടിയിലധികമായാണ് ഇവിടെ വർദ്ധിച്ചത്.
(പരിഭാഷ, എഡിറ്റിംഗ്: സുരേന്ദ്രൻ കണ്ണൂർ)